ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും ചതവുകളും ഉള്ളതായി പോലീസ്. ഇക്കാര്യം ഇൻക്വസ്റ്റ് നടപടിയിലാണ് വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത് തിരുവനന്തപുരം ആർഡിയുടെ പ്രത്യേക നിർദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തി. കുടുംബത്തിൻ്റെ ആവശ്യപ്രകാരമായിരുന്നു നടപടി. മൃതദേഹം ചൊവ്വാഴ്ച രാത്രി 11:30 യോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കൊല്ലത്തെ വീട്ടിലെത്തിച്ച് 5 മണിയോടെയാകും സംസ്കാരം.
ഷാർജയിലെ അൽ നഹ്ദയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും ഒന്നര വയസുകാരിയായ മകളേയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
യുഎഇയിലാണ് ഭർത്താവ് നിതീഷും താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തിൽ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉൾപ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.