നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ടു ആശ്വസിപ്പിക്കുന്നതിനും അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകൾ കൈമാറുന്നതിനുമാണ് അദ്ദേഹത്തിൻ്റെ സന്ദർശനം.
ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകിയതോടെയാണ് നടപടികൾ ആരംഭിച്ചത്. എന്നാൽ നിയമനങ്ങൾ താൽക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദുരന്തബാധിതർക്ക് സർക്കാർ ജോലി നൽകുന്നത് സിബിഐ അന്വേഷണത്തെയും സാക്ഷിമൊഴികളെയും ബാധിക്കുമെന്നാരോപിച്ച് ഡിഎംകെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഭരണനയങ്ങളിൽ ഇടപെടാൻ കോടതിക്കാവില്ലെന്നും രാഷ്ട്രീയ തർക്കങ്ങൾ തീർക്കാനുള്ള വേദിയല്ല കോടതിയെന്നും ജഡ്ജിമാർ വ്യക്തമാക്കി. “മുഖ്യമന്ത്രി എന്ത് ചെയ്യണമെന്ന് കോടതി നിർദേശിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? ഈ കേസിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല,” എന്നും കോടതി ഡിഎംകെ അഭിഭാഷകനോട് ചോദിച്ചു.
വിജയ്യുടെ കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും അവിടെനിന്നും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് നിയമനങ്ങൾക്ക് മുൻപ് സിബിഐയുടെ അഭിപ്രായം തേടണമെന്നും സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സിബിഐയെയും മേൽനോട്ട സമിതിയെയും സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളുൾപ്പെടെ 41 പേരാണ് മരിച്ചത്. അശാസ്ത്രീയമായ ക്രമീകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപുണ്ടായ ഗൂഢാലോചനയുടെ ഭാഗമായിരുന്നു മരണങ്ങളെന്നാണ് ടിവികെയുടെ നിലപാട്. സംഭവത്തിൽ സിബിഐ അന്വേഷണം തുടരുകയാണ്.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കരൂരിൽ അയ്യായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുണ്ട്.