ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ്, ഹിമാചൽപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി പേർ മരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകെ കുറഞ്ഞത് 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായി. അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ നദീതീര മേഖലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഉത്തരകാശി ജില്ലയിലെ നാലുപാനിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ഹൈവേ പൂർണമായും അടഞ്ഞതോടെ ചാർധാം യാത്രയും തടസ്സപ്പെട്ടു. റോഡ് പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശിലും ഹിമാചൽപ്രദേശിലും കനത്ത മഴ മൂലം നിരവധി നദികൾ കരകവിഞ്ഞൊഴുകി. റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം പല പ്രദേശങ്ങളിലും സ്തംഭിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജൂലൈ 11 വരെ മഴ തുടരുമെന്നും താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഗുജറാത്തിലും മഴ ശക്തമായി തുടരുകയാണ്. പ്രളയസമാന സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് സൂറത്ത് ജില്ലയിൽ മാത്രം 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഡൽഹിയിലും വ്യാഴാഴ്ച പെയ്ത ശക്തമായ മഴ നഗരജീവിതത്തെ ബാധിച്ചു. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ചിലയിടങ്ങളിൽ 160 മില്ലീമീറ്ററിലധികം മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നേരിയതോ മിതമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചൽപ്രദേശിലും മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം 75 റോഡുകൾ അടഞ്ഞുകിടക്കുകയാണ്. 29 വൈദ്യുതി ട്രാൻസ്ഫോർമറുകളും അഞ്ച് കുടിവെള്ള പദ്ധതികളും മഴയെ തുടർന്ന് തകരാറിലായി. ഷിംല, സിർമൗർ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related Posts