പരവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജോമോൾ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സഹോദരൻ ജെയ്‌സണും ഭാര്യ റെയ്നയുമാണ് കേസിൽ പ്രതികളായത്.

സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട തർക്കവും സഹോദരന് നൽകാനുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതി. പണം തിരികെ നൽകാതിരിക്കാൻ രണ്ടര പവൻ മാല മോഷ്ടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് ജോമോളെ മർദ്ദിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

പൊലീസിൽ പരാതി നൽകാനായി സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തിയതും അന്വേഷണത്തിൽ നിർണായക തെളിവായി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായെന്ന് പറഞ്ഞ മാല കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. അത് സ്വർണമാലയല്ല, മുക്കുപണ്ടമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ജോമോൾ ചികിത്സ തേടിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts