ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാല്‍ വൈവിധ്യത്തിൻ്റെയും മികവിൻ്റെയും പ്രതീകമാണെന്നും മലയാള സിനിമയിൽ മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ മോഹന്‍ലാലിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിൻ്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.
മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് മോഹന്‍ലാല്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചു. അദ്ദേഹത്തിൻ്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ് – പ്രധാനമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മോഹലാലിനെ അഭിനന്ദിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങളെന്നും മുഖ്യമന്ത്രി അഭിനന്ദന കുറിപ്പിൽ പറഞ്ഞു.

മെഗാസ്റ്റാർ മമ്മൂട്ടിയും മോഹൻലാലിന് അഭിനന്ദനവുമായി എത്തി. ”ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടതാണ്” എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു എന്നും മമ്മൂട്ടി തൻ്റെ അഭിനന്ദന കുറിപ്പിൽ പറയന്നു.

മമ്മൂട്ടിയുടെ കുറിപ്പ് ഇങ്ങനെ:
‘എൻ്റെ സഹപ്രവർത്തകൻ, സഹോദരൻ, പതിറ്റാണ്ടുകളായി സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കലാകാരൻ എന്നതിലുപരി,​ വെറുമൊരു അഭിനേതാവിന് ലഭിക്കുന്ന അംഗീകാരമല്ല ദാദാസാഹിബ് ഫാൽക്കെ അവാർഡ്. എന്നാൽ സിനിമയെ നെഞ്ചിലേറ്റി അതിനുവേണ്ടി ജീവിച്ച ഒരു യഥാർത്ഥ കലാകാരൻ ഈ അവാർഡിന് അർഹനാണ്. ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടതാണ്.’

Related Posts