കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സിപിഎം നേതാവുമായ പി.പി.ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ദിവ്യയുടെയും ഭർത്താവിൻ്റെയും സ്വത്തുവിവരങ്ങളും പരിശോധിക്കും.
ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പ്രധാന ആരോപണം. കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു. കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇതിന് അനുമതി നൽകിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും വിജിലൻസ് അന്വേഷണം നടത്തും.