മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിയമനം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കെ.എം. ബഷീർ മരിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിൻ്റെ പേരിലുള്ളതായിരുന്നു വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്ന ആരോപണവും കേസിലുണ്ട്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിലെ ഏക പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.