ഐ പി എല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സീസണിലെ ആദ്യപരാജയം സമ്മാനിച്ച് രാജസ്ഥാന് റോയല്‍സ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെ ആറ് വിക്കറ്റിനാണ് റോയല്‍സ് മുട്ടുകുത്തിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന് മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്.
അര്‍ധസെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിൻ്റെയും പ്രകടനങ്ങളാണ് രാജസ്ഥാന് മികച്ച വിജയം സമ്മാനിച്ചത്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവംശി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു.
യശസ്വി ജയ്സ്വാള്‍ 13 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഷിംറോണ്‍ ഹെറ്റ്മെയര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് മൂന്ന് റണ്‍സെടുത്ത് നിരാശപ്പെടുത്തിയപ്പോള്‍ രവീന്ദ്ര ജഡേജ 25 പന്തില്‍ പുറത്താകാതെ 24 റണ്‍സെടുത്തു.