കർണാടകയിലെ ചിക് മംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റ്മോർട്ടം നടന്നത്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
ശരീരത്തിൽ സംശയാതീതമായി മുറിവുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വന്നാലേ വ്യക്തത വരികയുള്ളൂവെന്നും ഇതുവരെയുള്ള കര്‍ണാടക പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും രമേശ് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തും പരിസരത്തും വിശദമായ പരിശോധന നടത്തിയിരുന്നുവെന്നും കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും രമേശ് പറഞ്ഞു. ദുരൂഹത നീക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.