മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിൻ്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പുതിയ അണക്കെട്ടിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് വി ഡി സതീശൻ യോഗത്തിൽ അറിയിച്ചു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ അണക്കെട്ടിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് നൽകാനും കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലെ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിൻ്റെ ആവശ്യമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. ജലനിരപ്പ് ഉയർത്തിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യമായ രീതിയിൽ വെള്ളം ലഭ്യമാകൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനെ കേരളം എതിർക്കുന്ന സാഹചര്യത്തിൽ നേരത്തെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളം വിഷയത്തിൽ സഹകരിക്കുന്നില്ലെന്ന നിലപാടും തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി കേരളം വ്യക്തമാക്കുന്നു.
അതേസമയം, പുതിയ അണക്കെട്ട് നിർമിക്കാൻ അനുമതി നൽകില്ലെന്ന് തമിഴ്നാട് ഊർജമന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. കേരളത്തിന് പല ആവശ്യങ്ങളും ഉന്നയിക്കാമെന്നും എന്നാൽ തമിഴ്നാടിന് വെള്ളം ലഭിക്കുന്നതിൻ്റെ ഗുണം കേരളത്തിനും ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും നിലപാട് കടുപ്പിച്ചതോടെ പുതിയ ഡാം, ജലനിരപ്പ് എന്നിവ വീണ്ടും പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്.