കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ 25കാരനായ മകൻ പോക്സോ കേസിൽ അറസ്റ്റിൽ. ഭണ്ടി ഭഗീരത് സായിയാണ് അറസ്റ്റിലായത്. 17കാരിയുടെ മാതാവിൻ്റെ പരാതിയെത്തുടർന്ന് അറസ്റ്റ്. തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അഭിഭാഷകൻ മുഖേന മകനെ പൊലീസിന് കൈമാറുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ അറിയിച്ചു. എന്നാൽ പ്രതിയെ ഹൈദരാബാദിന് പുറത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നുവെന്ന് കമ്മീഷണർ അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകർക്കൊപ്പം എത്തിയ മകൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ കീഴടങ്ങുകയായിരുന്നു എന്നാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം. എന്നാൽ സെബറാബാദ് പൊലീസ് കമ്മീഷണർ ഡോ. എം രമേഷ് ഇത് നിഷേധിച്ചു.