ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യാ സി.ഇ.ഒ കാംബെൽ വിൽസൺ. അച്ചടക്കവും ധാർമ്മികതയും പാലിക്കാത്തതിനാണ് പിരിച്ചുവിട്ടതെന്ന് സി.ഇ.ഒ വെളിപ്പെടുത്തി. വിമാനത്തിൽ അധിക ലഗേജ് കയറ്റൽ, സാധനങ്ങൾ മോഷ്ടിക്കൽ തുടങ്ങിയവയാണ് അച്ചടക്ക ലംഘനമായി കണക്കാക്കിയ കുറ്റങ്ങൾ. ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. എല്ലാ വർഷവും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നും ജീവനക്കാരുടെ ഭാഗത്തു നിന്നു തെറ്റുകൾ പൊറുക്കാനാകില്ലെന്നും കാംബെൽ പറഞ്ഞു.
എയർ ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 24,000 ജീവനക്കാരുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ. ജീവനക്കാരുടെ വാർഷിക ഇൻക്രിമെൻ്റുകൾ തടഞ്ഞുവയ്ക്കൽ അടക്കം ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സി.ഇ.ഒ പറഞ്ഞു. ഈ വർഷം അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് – എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ് പ്രസിനും 22,000 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.