തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ നിരക്ക് വർധിപ്പിച്ചു. 2013നുശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഓട്ടോ നിരക്ക് വർധിപ്പിക്കുന്നത്. ആദ്യ 1.8 കിലോമീറ്ററിന് മിനിമം ചാർജ് 50 രൂപയായിരിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതം ഈടാക്കും. മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്കുകൾ സംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സർക്കാർ ചൊവ്വാഴ്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചു. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ സാധാരണ യാത്രാനിരക്കിൻ്റെ ഒന്നര ഇരട്ടി നൽകണം.
യാത്രയ്ക്കിടെ കാത്തിരിക്കേണ്ടിവരുന്ന സമയത്തിന് മിനിറ്റിന് ഒരു രൂപ നിരക്കിൽ വെയിറ്റിങ് ചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. ദീപാവലിക്ക് മുമ്പ് നിരക്ക് വർധന നടപ്പാക്കുമെന്ന് സർക്കാർ നേരത്തേ ഉറപ്പുനൽകിയിരുന്നു. ഇന്ധനവിലയും ജീവിതച്ചെലവും വർധിച്ച സാഹചര്യത്തിൽ പുതിയ നിരക്ക് ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.