സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗത്തിൽ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നടപടി. എല്ലുപരിശോധനയിൽ പ്രായപരിധി ലംഘിച്ചതായി കണ്ടെത്തിയതോടെ 400 മീറ്റർ ഓട്ടത്തിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട താരത്തെ തുടർന്നുള്ള മത്സരങ്ങളിൽ തൽക്കാലം പങ്കെടുപ്പിക്കേണ്ടതില്ലെന്ന് അപ്പീൽ കമ്മിറ്റി തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ടിനുശേഷമായിരിക്കും അന്തിമ നടപടി.
കോരുത്തോട് സ്കൂളിനെ പ്രതിനിധീകരിച്ച താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്. 14 വയസ്സിൽ താഴെയുള്ളവർ പങ്കെടുക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് താരം മത്സരിച്ചിരുന്നത്. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്നാണ് കണ്ടെത്തൽ.
ഈ വർഷം ഉത്തർപ്രദേശിൽനിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്റർ ഓട്ടത്തിൻ്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാർ കാർഡുകളുണ്ടെന്ന ആരോപണവുമായി മാർ ബേസിൽ, ഐഡിയൽ സ്കൂളുകളാണ് പരാതി നൽകിയത്.
സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പരാതിക്കാരിയായ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അധ്യാപിക ഷിബി മാത്യു പ്രതികരിച്ചു. മത്സരിച്ച മറ്റു കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ സങ്കടമുണ്ടെന്നും പരിശോധന നടത്താൻ തയ്യാറായ സർക്കാരിന് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് ആരോപണം ഉയർന്നിട്ടുണ്ട്. ഈ ഇനങ്ങളിൽ മത്സരിച്ച വിദ്യാർഥികളുടെയും എല്ലുപരിശോധന നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.