തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാടിൻ്റെ ചരിത്രത്തിൽ ഇതുപോലൊരു ‘ഡമ്മി മുഖ്യമന്ത്രിയെ’ കണ്ടിട്ടില്ലെന്ന് ഉദയനിധി ആരോപിച്ചു. ചെന്നൈയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ടിവികെ അധികാരത്തിലെത്തിയപ്പോൾ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പുതിയ പദ്ധതികളൊന്നും നടപ്പാക്കിയില്ലെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ പേരുകൾ മാറ്റി അതിൻ്റെ ക്രെഡിറ്റ് സ്വന്തമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ‘ഡമ്മി മുഖ്യമന്ത്രിക്ക്’ ജനങ്ങൾ മറുപടി നൽകുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞാണ് ഉദയനിധി പ്രസംഗം ആരംഭിച്ചത്. രണ്ട് ദിവസത്തിനകം ഡിഎംകെയുടെ ‘മുപ്പെറും വിഴ’ ആഘോഷം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 77 വർഷത്തിനിടെ നിരവധി വിജയങ്ങളും പരാജയങ്ങളും പാർട്ടി നേരിട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും പരാജയങ്ങൾക്കും അപ്പുറം ഡിഎംകെ എല്ലായ്പ്പോഴും ജനങ്ങൾക്കൊപ്പമാണ് നിന്നതെന്നും ഉദയനിധി വ്യക്തമാക്കി.