സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് ചരിത്ര വിജയമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ കേരളത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പായെന്നും രാഹുൽ പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“യുഡിഎഫ് നേതൃത്വം ഈ നാട്ടിലെ ജനതയുമായി ഇഴുകി ചേരും. യുഡിഎഫ് സർക്കാർ ജനങ്ങളുടെ ശബ്ദം കേൾക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ജോലി കിട്ടാത്തതിനാൽ ആയിരക്കണക്കിന് ചെറുപ്പക്കാർ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്.”- രാഹുൽ ഗാന്ധി പറഞ്ഞു.
ആർഎസ്എസും ബിജെപിയും ജനതയുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹമെന്നും രാഹുൽ വിമർശിച്ചു.