വീട്ടിൽനിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
പിടിച്ചെടുത്ത മദ്യത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതൽ അന്വേഷണം നടത്തുന്നതിനും ആന്റോയെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെയാണ് നിർമിച്ചതെന്നും മദ്യം എവിടെനിന്നാണ് എത്തിച്ചതെന്നും ഏത് മാർഗത്തിലൂടെയാണ് കൊണ്ടുവന്നതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, 43.85 ലിറ്റർ മദ്യം കൈവശംവച്ച കേസിൽ 5,000 രൂപ പിഴയും തടവും മാത്രമാണ് ലഭിക്കുകയെന്നും, ഇതിൻ്റെ പേരിൽ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും പ്രതിഭാഗം ചോദിച്ചു. എന്നാൽ പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ച കോടതി ആന്റോയെ എക്സൈസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീടിൻ്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടെന്നും ആന്റോ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.
ആന്റോയുടെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 138 കുപ്പികളിലായി 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നാണ് എക്സൈസ് കോടതിയെ അറിയിച്ചത്. എന്നാൽ പിടിച്ചെടുത്ത പാനീയത്തിൻ്റെ സ്വഭാവം സംബന്ധിച്ച് ആന്റോയുടെ ഭാഗത്ത് നിന്ന് വ്യത്യസ്ത വാദമാണ് ഉയർന്നിട്ടുള്ളത്.