സ്കൂൾ ബസ് തടഞ്ഞുനിർത്തി, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കിരൺ (20), ഗിരീഷ് (20) എന്നിവരെയാണ് കിക്കേരി പോലീസ് അറസ്റ്റു ചെയ്തത്. രണ്ടുപേരും കഞ്ചാവ് ലഹരിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മാണ്ഡ്യയിലെ കെ ആർ പേട്ട് താലൂക്കിലെ കിക്കേരി പോലീസ് പരിധിയിലാണ് സംഭവം നടന്നത്.
ബസവനഹള്ളി വഴി വഡ്രഹള്ളിയിലേക്ക് പോകുകയായിരുന്ന സ്കൂൾ ബസ് മറികടന്ന യുവാക്കൾ, ബസ് നിർത്താൻ ആവശ്യപ്പെടുകയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വിട്ടുകൊടുക്കാൻ ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബസ് ഡ്രൈവറോഡ് തട്ടിക്കയറിയ യുവാക്കൾ ബസിൻ്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുകയും കല്ലുകൊണ്ട് ബസിൻ്റെ ഗ്ലാസ് തകർക്കുകയും പെൺകുട്ടിയെ അവർക്ക് കൈമാറുന്നതുവരെ ബസ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സ്കൂൾ മാനേജ്മെൻ്റ് നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് രണ്ടുപ്രതികളെയും അറസ്റ്റുചെയ്തത്. പ്രതികൾക്കെതിരേ പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.