കട്ടക്കിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. 101 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. 59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു.
22 റൺസെടുത്ത ഡിവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോർ. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.