കർണാടകത്തിൽ വനിതാ ജീവനക്കാർക്ക് ആർത്തവാവധി നിർബന്ധമാക്കുന്ന സംസ്ഥാന സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്‌ത ഹൈക്കോടതി, അന്നുതന്നെ ഉത്തരവ് പിൻവലിച്ചു. കഴിഞ്ഞ മാസം 20-നാണ് സിദ്ധരാമയ്യ സർക്കാർ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരിക്കൽ ശമ്പളത്തോടുകൂടിയ ആർത്തവാവധി നിർബന്ധമാക്കിയത്.

ഒരു സ്വകാര്യകമ്പനിയും ഹോട്ടൽ അസോസിയേഷനും സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിജ്ഞാപനം ജസ്റ്റിസ് എം. ജ്യോതി താത്‌കാലികമായി തടഞ്ഞത്. ഒരു നിയമത്തിൻ്റെയും പിൻബലമില്ലാതെയാണ് ആർത്തവാവധി നിർബന്ധമാക്കി സർക്കാർ വിജ്ഞാപനമിറക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ ആവശ്യത്തെത്തുടർന്ന് ഉത്തരവ് പിൻവലിക്കുകയായിരുന്നു. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.

1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കർണാടക ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, 1951 ലെ പ്ലാന്റേഷൻ വർക്കേഴ്‌സ് ആക്ട്, 1966 ലെ ബീഡി, സിഗാർ വർക്കേഴ്‌സ് (തൊഴിൽ വ്യവസ്ഥകൾ) ആക്ട്, 1961 ലെ മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്കാണ് ആർത്തവ അവധി അനുവദിച്ചത്.

Related Posts