ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് ഫ്രീ ടിക്കറ്റുകൾ അനുവദിക്കണമെന്നും ഇരിക്കാൻ സാധാരണക്കാർക്കൊപ്പം അല്ലാത്ത ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നും കർണാടകയിലെ എംഎൽഎമാർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തോടെ 2026-ലെ ഐപിഎൽ സീസൺ ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ വിവാദം.
എംഎൽഎമാർ വിഐപികളാണെന്നും അവർക്ക് ക്യൂവിൽ നിൽക്കാൻ കഴിയില്ലെന്നും, അതുകൊണ്ടുതന്നെ ഓരോ എംഎൽഎമാർക്കും അഞ്ച് ടിക്കറ്റുകൾ വീതം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നൽകണമെന്നും പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കണമെന്നും എംഎൽഎ വിജയാനന്ദ് കാശപ്പനവർ മാധ്യമങ്ങളോട് വ്യക്തമാക്കി. ടിക്കറ്റുകൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് വിജയാനന്ദ് കാശപ്പനവർ പറഞ്ഞു. സർക്കാരിൽ നിന്നും എല്ലാവിധത്തിലുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടും കർണാടക ക്രിക്കറ്റ് അസോസിയേഷൻ എംഎൽഎമാരെയും മന്ത്രിമാരെയും ബഹുമാനിക്കുന്നില്ലെന്നും വിജയാനന്ദ് ആരോപിച്ചു.
നേരത്തെ, കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവും കെഎസ്സിഎയെ ലക്ഷ്യം വെച്ചിരുന്നു. ‘പ്രതിമാസം വെറും 1,600 രൂപ എന്ന നിരക്കിൽ 16.32 ഏക്കർ ഭൂമിയാണ് ഞങ്ങൾ അവർക്ക് നൽകിയത്. എന്നാൽ അവർ ടിക്കറ്റുകൾക്കായി നമ്മളിൽ നിന്ന് ആയിരക്കണക്കിന് രൂപ ഈടാക്കുന്നു. കോടിക്കണക്കിന് രൂപ കൈവശമുള്ള അവർ നമ്മളെ കൊള്ളയടിക്കുകയാണ്.’ അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
ഇങ്ങനെയുള്ളവർക്കായി മറ്റൊരു സ്റ്റേഡിയം കൂടി നിർമ്മിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും അവരെ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം സഭയിൽ അഭിപ്രായപ്പെട്ടിരുന്നു. വിഷയം ക്രിക്കറ്റ് അസോസിയേഷൻ അധികൃതരുമായി സംസാരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സഭയ്ക്ക് ഉറപ്പ് നൽകി.