മൈസൂരു ദസറ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് സംഘം എത്തും. ഒക്ടോബർ 18 മുതൽ 20 വരെ മൈസൂരുവിൻ്റെ ആകാശത്ത് വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കും. എംകെ-132 വിഭാഗത്തിൽപ്പെട്ട ഒമ്പത് ജെറ്റ് വിമാനങ്ങളാണ് സൂര്യകിരൺ സംഘത്തിൻ്റെ ഭാഗമായി പ്രകടനം നടത്തുക.
അതേസമയം, മൂന്ന് പ്രതിരോധ സേനകളെയും പ്രതിനിധീകരിച്ച് മൂന്ന് നിശ്ചലദൃശ്യങ്ങളും ഇത്തവണത്തെ ദസറ ഘോഷയാത്രയിൽ അണിനിരക്കും. വ്യോമാഭ്യാസ പ്രകടനങ്ങളും പ്രതിരോധ സേനകളുടെ സാന്നിധ്യവും ദസറ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരുമെന്നാണ് പ്രതീക്ഷ. കർണാടകയുടെ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വിവിധ രൂപങ്ങൾ ഒരുക്കി വ്യോമസേന കാണികളെ വിസ്മയിപ്പിക്കും. വ്യോമസേനയുടെ മറ്റൊരു എയറോബാറ്റിക് സംഘമായ സാരംഗിനെയും ദസറ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കാൻ അധികൃതർ അപേക്ഷിച്ചിരുന്നു. എന്നാൽ നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ സാരംഗ് സംഘത്തിന് ഇത്തവണ പങ്കെടുക്കാനാകില്ല.