ബംഗളൂരു യെലഹങ്കയിൽ നടത്തിയ കുടിയൊഴിപ്പിക്കലിൽ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടി. നഗരത്തിലെ കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പറഞ്ഞു. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ അവകാശപ്പെട്ടു.
സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയിട്ടില്ല. ഭൂമി മാഫിയകൾ ചേരികളാക്കി മാറ്റാൻ ശ്രമിച്ച സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞു.