കർണാടകയിൽ നടൻ കമൽ ഹാസനെതിരെ വൻ പ്രതിഷേധം. ചെന്നൈയിൽ നടന്ന പരിപാടിയിൽ തമിഴ് മെഗാ സ്റ്റാർ കന്നഡയെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ‘കന്നഡ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്’ എന്നായിരുന്നു പരാമർശം. കർണാടക ബിജെപി അധ്യക്ഷനും കന്നഡ അനുകൂല സംഘടനകളും വിവാദമായതോടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പുതിയ ചിത്രമായ തഗ് ലൈഫ് പുറത്തിറങ്ങാനിരിക്കെയാണ് താരത്തിൻ്റെ വിവാദ പരാമർശം. ബംഗളൂരുവിൽ ഇതോടെ കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധിച്ചു. സിനിമാ പോസ്റ്ററുകൾ കീറിക്കൊണ്ടായിരുന്നു പ്രതിഷേധം.

‘എൻ്റെ ജീവനും എൻ്റെ കുടുംബവും തമിഴ് ഭാഷയാണ്’ എന്നർഥം വരുന്ന ‘ഉയിരേ ഉറവേ തമിഴേ’ എന്ന വാക്കുകളോടെയാണ് നടൻ ചെന്നൈയിൽ നടന്ന പരിപാടിയിൽ പ്രസംഗം ആരംഭിച്ചത്. കന്നഡ നടൻ ശിവരാജ് കുമാറും ചടങ്ങിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തെ അഭിസംബോധ ചെയ്തുകൊണ്ടാണ് കമൽ ഹാസൻ കന്നഡ ഭാഷയെക്കുറിച്ച് പരാമർശം നടത്തിയത്. ‘എൻ്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എൻ്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്, അതിനാൽ നിങ്ങളും ഇതിൽ ഉൾപ്പെടുന്നു. ‘- എന്നായിരുന്നു കമൽ ഹാസൻ്റെ പരാമർശം.

കർണാടകയിൽ ഇതോടെ കടുത്ത വിമർശനം ഉയർന്നു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ വിജയെന്ദ്ര യെദ്യുരപ്പ എതിർപ്പുമായി രംഗത്തെത്തി. നടൻ്റെ പെരുമാറ്റം സംസ്‌കാരമില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, കന്നഡയെ കമൽ ഹാസൻ അപമാനിച്ചതായി അദ്ദേഹം ആരോഹിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിൻ്റെയും ധിക്കാരത്തിൻ്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കുറ്റപ്പെടുത്തി. കമൽ ഹാസൻ ഉടൻ കന്നഡിഗരോട് നിരുപാധികം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts