അതിവേഗ നഗരവൽക്കരണത്തെ തുടർന്ന് ഭക്ഷണം എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള അറിവ് നഗരങ്ങളിലെ കുട്ടികളിൽ കുറയുന്ന സാഹചര്യത്തിൽ, ആ വിടവ് നികത്താൻ വ്യത്യസ്ത സംരംഭവുമായി ബാഗൽകോട്ടെ ഹോർട്ടികൾച്ചർ സർവകലാശാലയുടെ കീഴിലുള്ള ഹോർട്ടികൾച്ചർ കോളേജ് രംഗത്തെത്തി. യെലഹങ്കയ്ക്കു സമീപമുള്ള ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിൽ (GKVK) നടക്കുന്ന മൂന്നുദിവസത്തെ ‘സസ്യ സന്തെ’യുടെ ഭാഗമായാണ് പ്രത്യേക ‘ക്രോപ്പ് മ്യൂസിയം’ ഒരുക്കിയിരിക്കുന്നത്.

ഒന്നര ഏക്കർ വിസ്തൃതിയിലുള്ള ഈ ജീവിക്കുന്ന മ്യൂസിയത്തിൽ 60-ലധികം ഇനം പച്ചക്കറികൾ, പഴവർഗങ്ങൾ, പൂച്ചെടികൾ എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ഗ്ലാസ് അലമാരകളിൽ പ്രദർശിപ്പിക്കുന്ന സാധാരണ മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സന്ദർശകർക്ക് കൃഷിയിടങ്ങളിലൂടെ നേരിട്ട് നടന്ന് സസ്യങ്ങളെ കാണാനും വിവിധ വിളകൾ എങ്ങനെ വളർത്തുന്നുവെന്ന് മനസ്സിലാക്കാനും അവസരമുണ്ട്.

“ഇത് സാധാരണ മ്യൂസിയമല്ല. ജീവിക്കുന്ന സസ്യങ്ങളെയാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ ഹോർട്ടികൾച്ചർ വിളകൾ എങ്ങനെ കൃഷി ചെയ്യുന്നു എന്നത് സന്ദർശകർക്ക് നേരിട്ട് കാണാനും പഠിക്കാനും കഴിയും,” എന്ന് ഹോർട്ടികൾച്ചർ കോളേജിലെ പ്രൊഫസർ ബി.എസ്. ലക്ഷ്മൺ റെഡ്ഡി പറഞ്ഞു.

ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം നഗരങ്ങളിൽ വളരുന്ന കുട്ടികൾക്ക് കൃഷിയുടെ പ്രാധാന്യവും അവർ ദിവസവും കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും എവിടെ നിന്നാണ് എത്തുന്നതെന്നും നേരിട്ട് മനസ്സിലാക്കിക്കൊടുക്കുകയാണ്. “കൃഷിയെക്കുറിച്ചുള്ള പ്രായോഗിക അനുഭവം കുട്ടികൾക്ക് ലഭിക്കാനും ഭക്ഷണത്തിൻ്റെ യഥാർത്ഥ ഉറവിടം തിരിച്ചറിയാനും ഈ പദ്ധതി സഹായിക്കും,” എന്ന് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ബി. അഞ്ജനേയ റെഡ്ഡി വ്യക്തമാക്കി.

കുട്ടികൾക്ക് മ്യൂസിയത്തിൽ വളർത്തിയ ഇലക്കറികൾ സ്വയം വിളവെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തോട്ടകൃഷിയെയും ഹോർട്ടികൾച്ചറിനെയും കുറിച്ച് കുട്ടികളിൽ കൗതുകം വളർത്താനും കർഷകരുടെ ജീവിതവും അധ്വാനവും അടുത്തറിയാനും സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.

നഗരങ്ങളിലെ ഭൂരിഭാഗം കുട്ടികളും പച്ചക്കറികൾ സൂപ്പർമാർക്കറ്റിലെ ഷെൽഫുകളിലോ വീട്ടുവാതിൽക്കൽ എത്തുന്ന ഡെലിവറിയിലോ മാത്രമാണ് കാണുന്നതെന്ന് സർവകലാശാലയിലെ ഒരു ഗവേഷണ വിദ്യാർഥി പറഞ്ഞു. ഭക്ഷണം അവരുടെ പ്ലേറ്റിലെത്തുന്നതിന് പിന്നിലെ കൃഷിരീതികളും കർഷകരുടെ പരിശ്രമവും നേരിൽ മനസ്സിലാക്കാനുള്ള അവസരമാണ് ക്രോപ്പ് മ്യൂസിയം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മ്യൂസിയത്തിൽ മൂന്ന് ഇനം തക്കാളി, രണ്ട് ഇനം വഴുതന, രണ്ട് ഇനം മുളക് എന്നിവയ്ക്ക് പുറമെ വെണ്ട, പീച്ചിങ്ങ, പടവലങ്ങ, കാബേജ്, ടേണിപ്പ്, മുള്ളങ്കി, പയർ തുടങ്ങി നിരവധി പച്ചക്കറി വിളകളും കൃഷി ചെയ്തിട്ടുണ്ട്. കൂടാതെ ആറു ഇനം ഇലക്കറികളും ഇരുപതോളം ഇനം പൂച്ചെടികളും ഔഷധസസ്യങ്ങളും ഇവിടെ സന്ദർശകർക്ക് കാണാനാകും.

വെള്ളിയാഴ്ച ആരംഭിച്ച മ്യൂസിയിലേക്ക് ഇതിനോടകം ആയിരക്കണക്കിന് സ്കൂൾ വിദ്യാർഥികളാണ് സന്ദർശകരായി എത്തിയതെന്ന് അധികൃതർ അറിയിച്ചു.

Related Posts