കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പ്ലസ് ടു വിദ്യാർഥിയും മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ അവനിക (14), പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.45ഓടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. മംഗളൂരു–ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചത്.

ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി കടന്നുപോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് രാത്രി വൈകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളുമാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.

നോർത്ത് പാണകുളംകുനി സുരേഷ്–റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയിപറമ്പത്ത് സുബിഷ്–സുനിഷ ദമ്പതികളുടെ മകനാണ് പാർത്ഥിബ്. വിദ്യാർഥികളുടെ മരണവാർത്ത നാടിനെയും സ്കൂൾ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.

Related Posts