തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഉന്നയിച്ച് നിവേദനം സമർപ്പിക്കാൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയ ഇന്ത്യ സഖ്യ നേതാക്കളുടെ ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചു. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ നിയമപരമായ നടപടികളിലൂടെ മാത്രമേ കോടതിയെ സമീപിക്കാവൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയത്. ഒക്ടോബർ 12ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ച അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട മറുപടി ചീഫ് ജസ്റ്റിസിൻ്റെ ഓഫിസ് ഇമെയിൽ വഴി കൈമാറിയതായാണ് റിപ്പോർട്ട്.
വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്‌ഐആർ) നിർത്തിവയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ ഒക്ടോബർ 12ന് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം സമർപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർ മാർച്ചിൽ പങ്കെടുക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.