മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ രണ്ടുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 19 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഓമ്പത് മരണം റിപ്പോർട്ട് ചെയ്തു.
നീന്തൽ കുളത്തിൽനിന്ന് രോഗം ബാധിച്ച് ചികിത്സയിലുള്ള 17കാരൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. സ്വകാര്യ ആശുപ്രതിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഐ.സി.യുവിലാണ് ഇപ്പോഴും ചികിത്സ തുടരുന്നത്. നീന്തൽ കുളത്തിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗ കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കൂടെ ഉണ്ടായിരുന്ന മൂന്നു കുട്ടികൾക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂന്നുപേരും നിരീക്ഷണത്തിൽ തുടരുകയാണ്. എട്ടുപേരാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ അമിബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്.