കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം 5 നാണ് അതിക്രൂര കൊലപാതകം നടന്നത്.

കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.

ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി. ജോസിനെ ആക്രമിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിൻ സംസാരിച്ചിരുന്നില്ല. ജോസിനെ കൊന്നതിനു ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണ്. ‘അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു’വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ പറഞ്ഞു.

പ്രജിൻ്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്ന് മാതാവ് സുഷമകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെയാണ് പ്രജിന്‍ നാട്ടിലെത്തിയത്. കുറച്ച് വര്‍ഷം വീട്ടില്‍ വെറുതെയിരുന്നതിന് ശേഷം കൊച്ചിയില്‍ സിനിമാപഠനത്തിന് പോയി.

അതിന് ശേഷമാണ് സ്വഭാവത്തില്‍ മാറ്റമുണ്ടായത്. ദേവാലയത്തില്‍ പോവാന്‍ മടികാട്ടി തുടങ്ങി. മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കാറുമില്ല സുഷമകുമാരി പറഞ്ഞു.

Related Posts