മുതിർന്ന കോൺഗ്രസ് നേതാവ് സി. വി പത്മരാജൻ (93) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കെപിസിസി അദ്ധ്യക്ഷനായി 1983 മുതൽ 1987 വരെ പ്രവർത്തിച്ചിട്ടുണ്ട്. എ.കെ ആൻ്റണി, കരുണാകരൻ, മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി, കയർ വികസനം, സാമൂഹ്യ ക്ഷേമം, ഫിഷറീസ് തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തായിരുന്നപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നു. 6 തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള അദ്ദേഹം 2 തവണ ചാത്തന്നൂരിൽ നിന്ന് 1982 ലും 1991ലും വിജയിച്ചു. ചാത്തന്നൂർ മണ്ഡലത്തെയാണ് ഈ രണ്ട് തവണയും അദ്ദേഹം പ്രതിനിധീകരിച്ചത്.
പൂന്തുറ കലാപം നടന്നത് പത്മരാജൻ മന്ത്രിയായിരിക്കെയാണ്. അദ്ധ്യാപകൻ, അഭിഭാഷകൻ എന്നീ ജോലികളും അദ്ദേഹം ചെയ്തിരുന്നു. വിദ്യാർത്ഥിയായിരിക്കെയാണ് കോൺഗ്രസിൽ ചേരുന്നത്. കൊല്ലത്തെ പാർട്ടിയുടെ ഡിസിസി പ്രസിഡന്റ് വൈസ് പ്രസിഡൻ്റ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.