ഒരു പതിറ്റാണ്ടിനുശേഷം അമേരിക്കയിലെത്തുന്ന ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങിനെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. സെപ്റ്റംബർ 23ന് വാഷിംഗ്ടണിന് സമീപമുള്ള ജോയിന്റ് ബേസ് ആൻഡ്രൂസിലാണ് ഷിയും ഭാര്യ പെങ് ലിയുവാനും എത്തുക. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിൽ ട്രംപ് നേരിട്ട് പങ്കെടുക്കുമെന്ന് യുഎസ് അധികൃതർ അറിയിച്ചു.
സാധാരണയായി വിദേശ രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കുന്ന പതിവ് യുഎസ് പ്രസിഡണ്ടുമാർക്കില്ല. ഷിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണച്ചടങ്ങും റോസ് ഗാർഡനിൽ സൈനിക പരേഡും നടക്കും. തുടർന്ന് ട്രംപും ഷിയും ഉഭയകക്ഷി ചർച്ചകൾ നടത്തും.
സെപ്റ്റംബർ 24ന് ട്രംപും ഭാര്യ മെലാനിയയും ഷിക്കും ഭാര്യയ്ക്കുമായി വൈറ്റ് ഹൗസിൽ സ്റ്റേറ്റ് ഡിന്നർ ഒരുക്കും. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല മേധാവി ഇലോൺ മസ്ക്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥിപ്പട്ടികയിലുണ്ട്. വ്യാപാരം, ചുങ്കം, അപൂർവ ധാതുക്കളുടെ വിതരണം, നിർമിതബുദ്ധി തുടങ്ങിയ വിഷയങ്ങൾ ട്രംപ്-ഷി ചർച്ചയിൽ പ്രധാനമായും ഉയർന്നുവരും. ചില ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കത്തിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും യുഎസ് അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.