യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ബന്ദിപ്പൂർ വനപാത വഴിയുള്ള കേരള ആർടിസിയുടെ പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് സെപ്റ്റംബർ 22 മുതൽ പുനരാരംഭിക്കും. സൂപ്പർഫാസ്റ്റിന് പകരം ഗരുഡ പ്രീമിയം എസി ബസ് സർവീസ് നടത്തിയതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.
എസി ബസിലെ ഉയർന്ന ടിക്കറ്റ് നിരക്കും സാധാരണ യാത്രക്കാർക്ക് തിരിച്ചടിയായി. കൂടാതെ, എസി ബസിൽ യാത്ര ചെയ്യുന്നതിന് അനുമതി ലഭിക്കാത്തതിനാൽ നിരവധി യാത്രക്കാർക്ക് ബസ് ഉപയോഗിക്കാനും സാധിച്ചിരുന്നില്ല. വയനാട്, കോഴിക്കോട് ജില്ലകളിലേക്കുള്ള വിദ്യാർഥികളും വ്യാപാരികളും മൈസൂരു, നഞ്ചൻഗുഡ്, ഗുണ്ടൽപേട്ട് മേഖലകളിലെ കർഷകരുമാണ് ഈ സർവീസിനെ പ്രധാനമായും ആശ്രയിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സൂപ്പർഫാസ്റ്റിൻ്റെ ടിക്കറ്റ് നിരക്ക് 452 രൂപയാണ്. ഓൺലൈനിൽ എൻഡ്-ടു-എൻഡ് നിരക്കാണ് ഈടാക്കുന്നത്. എന്നാൽ ഓൺലൈൻ ബുക്കിങ് ഇല്ലാതെ നേരിട്ട് ബസിൽ കയറുന്നവർക്ക് ഫെയർ സ്റ്റേജ് അടിസ്ഥാനത്തിലുള്ള നിരക്ക് നൽകിയാൽ മതിയാകും.
രാത്രി 8ന് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് മൈസൂരു, ബത്തേരി, താമരശ്ശേരി വഴി പുലർച്ചെ 3.51ന് കോഴിക്കോട്ടെത്തും. സൂപ്പർഫാസ്റ്റിന് പകരം സർവീസ് നടത്തിയിരുന്ന ഗരുഡ പ്രീമിയം എസി ബസ് രാത്രി 10.25നായിരുന്നു പുറപ്പെട്ടിരുന്നത്. അതേസമയം, മാനന്തവാടി വഴി സർവീസ് നടത്തുന്ന എസി സീറ്റർ ബസിൻ്റെ സമയത്തിലും മാറ്റമുണ്ട്. സെപ്റ്റംബർ 22 മുതൽ രാത്രി 9.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 6.20ന് കോഴിക്കോട്ടെത്തും.