മൈസൂരു ദസറ ആനകൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സന്ദർശക മരിച്ച സംഭവത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി അടച്ചിട്ടിരുന്ന കുടകിലെ ദുബാരെ ആന സംരക്ഷണകേന്ദ്രം ഇന്ന് വീണ്ടും തുറക്കും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിയന്ത്രണങ്ങളോടെയാകും പ്രവേശനം.

രാവിലെ 9.30 മുതൽ 11.30 വരെയാണ് സന്ദർശന സമയം. ഒരേസമയം 150 പേരടങ്ങുന്ന ബാച്ചുകളായാണ് സന്ദർശകരെ പ്രവേശിപ്പിക്കുക. ഓരോ ബാച്ചിനെയും 25 പേർ വീതമുള്ള സംഘങ്ങളാക്കി ഗൈഡുകളുടെ നേതൃത്വത്തിൽ ക്യാംപ് സന്ദർശിക്കാൻ അനുവദിക്കും. ഒരു ബാച്ചിന് 45 മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. സാധാരണ ദിവസങ്ങളിൽ പ്രവേശന ഫീസ് 140 രൂപയും വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും 160 രൂപയുമാണ്.
ആനകളെ തൊടുന്നതിനും ഭക്ഷണം നൽകുന്നതിനും കർശന വിലക്കുണ്ട്. ആനകളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണം. ക്യാംപിൽ ആകെ 30 ആനകളാണുള്ളത്. ഇതിൽ 10 ആനകളെ മാത്രമായിരിക്കും സന്ദർശകർക്ക് കാണാൻ കഴിയുക. സന്ദർശന സമയം നീട്ടുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ അഭിഷേക് അറിയിച്ചു.

കഴിഞ്ഞ മേയ് 18നാണ് ചെന്നൈ സ്വദേശിനിയായ തുളസി (33) ആന ക്യാംപിലെ തടാകത്തിൽ അപകടത്തിൽപ്പെട്ട് മരിച്ചത്. സംഭവത്തിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുകയും സംസ്ഥാനത്തെ ആന ക്യാംപുകൾക്ക് പുതിയ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

Related Posts