ബലൂചിസ്താനിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ഭീകരർ തട്ടിയെടുത്തു. 450ലധികം യാത്രക്കാർ ഉണ്ടായിരുന്ന ട്രെയിനിൻ്റെ നിയന്ത്രണം ഏറ്റെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പ്രസ്താവനയിറക്കി.

ഒൻപത് കോച്ചുകളുള്ള ട്രെയിനാണ് ഭീകരർ തട്ടിയെടുത്തത്. വെടിവെപ്പിൽ ട്രെയിനിൻ്റെ ഡ്രൈവർക്ക് പരിക്കേറ്റതായി പോലീസിനെയും റെയിൽവേ വൃത്തങ്ങളെയും ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. ബന്ദിയാക്കിയവരിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ബിഎൽഎ അവകാശപ്പെടുന്നു. ആറ് പാകിസ്താൻ സൈനികരെ കൊലപ്പെടുത്തിയതായും ബിഎൽഎയുടെ കുറിപ്പിലുണ്ട്. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. പാകിസ്താൻ സേനകൾ പ്രത്യാക്രമണം നടത്തിയാൽ ബന്ദികളെ വധിക്കുമെന്ന് ബിഎൽഎ വക്താവ് ജിയാണ്ട് ബലൂച്ച് മുന്നറിയിപ്പ് നൽകി.

സാഹചര്യം നേരിടാനായി അടിയന്തര നടപടികൾ സ്വീകരിച്ചതായി ബലൂചിസ്താൻ സർക്കാർ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചു. ക്വറ്റയിൽനിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസിനുനേരെ കനത്ത വെടിവെപ്പ് നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പെഹ്റോ കുൻറിക്കും ഗദലറിനും ഇടയിലാണ് സംഭവം. ആക്രമണത്തിൻ്റെ വ്യാപ്തി സംബന്ധിച്ചു വ്യക്തതയില്ല. അടിയന്തര നടപടികൾ സ്വീകരിക്കാൻ ബലൂചിസ്താൻ സർക്കാർ ഉത്തരവിട്ടതായും എല്ലാ സംവിധാനങ്ങളും സജീവമാണെന്നും സർക്കാർ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയതായി റെയിൽ അധികൃതർ അറിയിച്ചു.

Related Posts