ദാംബുള്ളയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ അഫ്ഗാനിസ്താൻ എയ്‌ക്കെതിരെ 101 റൺസിൻ്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ എ ഫൈനലിൽ. നിർണായക മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് നേടി.

ക്യാപ്റ്റൻ തിലക് വർമ (59), പ്രിയാൻഷ് ആര്യ (58), കുമാർ കുശാഗ്ര (58) എന്നിവർ അർധസെഞ്ചുറികളുമായി ഇന്ത്യൻ ഇന്നിങ്സിൻ്റെ നട്ടെല്ലായി. വൈഭവ് സൂര്യവംശിയും 38 റൺസ് നേടി മികച്ച പിന്തുണ നൽകി. പ്രിയാൻഷ് ആര്യയുമായുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ ആദ്യ എട്ട് ഓവറിൽ തന്നെ 75 റൺസ് പിറന്നത് ഇന്ത്യയ്ക്ക് മികച്ച അടിത്തറ ഒരുക്കി.

320 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്താൻ എയ്ക്ക് ഇന്ത്യൻ ബൗളിങ് നിരയുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 36.5 ഓവറിൽ 218 റൺസിന് അവർ എല്ലാവരും പുറത്തായി.
നിഷാന്ത് സിന്ധുവിൻ്റെ മിന്നും ബൗളിങ് പ്രകടനമാണ് അഫ്ഗാൻ ബാറ്റിങ് നിരയെ തകർത്തത്. 6.5 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരം കളിയിലെ താരമായി. യാഷ് ഠാക്കൂർ രണ്ട് വിക്കറ്റും അൻഷുൽ കാംബോജ്, വിപ്രജ് നിഗം, സൂര്യാംശ് ഷെഡ്‌ജ്, അനുകൂൾ റോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

അഫ്ഗാനിസ്താനുവേണ്ടി ബാഹിർ ഷാ 52 പന്തിൽ 57 റൺസും ഫൈസൽ ഷിനോസദ 46 റൺസും നേടി പോരാട്ടം നടത്തിയെങ്കിലും മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.

Related Posts