ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 102റൺസിൻ്റെ ഗംഭീര ജയം. ഇന്ത്യ ഉയർത്തിയ 293 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 40.5 ഓവറിൽ 190 റൺസിനു ഓൾഔട്ടാവുകയായിരുന്നു. 45 റൺസെടുത്ത അന്നാബെൽ സതർലൻഡിനും 44 റൺസെടുത്ത എ ല്ലിസ് പെല്ലിക്കും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ് മൂന്ന് വിക്കറ്റെടുത്തു. ദീപ്‌തി ശർമ രണ്ട് വിക്കറ്റും രേണുക സിംഗും സ്നേഹ് റാണയും അരുന്ധതി റെഡ്‌ഡിയും രാധ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.5 ഓവറിലാണ് 292 റൺസാണ് എടുത്തത്. ഓപ്പണർ സ്‌മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറി(117 ) യുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
91 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. ദീപ്‌തി ശർമ 40 റൺസും വിക്കറ്റ് കീപ്പർ റിച്ച് ഘോഷ് 29 റൺസും ‌സ്കോർ ചെയ്‌തു.

Related Posts