ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ ആദ്യ മത്സരം സമനിലയിൽ. ഇരുവരും ഞായറാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കൽ മത്സരത്തിൽ ഏറ്റുമുട്ടും. ദിവ്യ ക്വീൻസ് ഗാംബിറ്റ് ആക്സെപ്റ്റഡിലൂടെ തുടക്കത്തിൽത്തന്നെ മുൻ തൂക്കം നേടി. എന്നാൽ തുടക്കത്തിലെ പതർച്ചയിൽ നിന്ന് തിരികെ വരാൻ ഹംപിക്കുമായി
ഹംപിയുടേത് പിഴവുകൾ വരുത്തിയ തുടക്കമായിരുന്നു. ദിവ്യക്ക് ഇത് അനുകൂലമായി. എന്നാൽ 16-ാം നീക്കത്തിലൂടെ ഹംപി കരകയറി. മികച്ച ഫോം ഹംപി പിന്നീട് കണ്ടെത്തി. 3 മണിക്കൂർ പോരാട്ടം നീണ്ടുനിന്നു. ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 4.45-ന് രണ്ടാം ഗെയിം ആരംഭിക്കും. തുല്യനിലയിൽ സ്കോറുകൾ തുടരുകയാണെങ്കിൽ ലോകജേതാവിനെ നിർണയിക്കാൻ ടൈബ്രേക്കറുകൾ തിങ്കളാഴ്ച നടക്കും.