ഗ്രാമീണ സ്ത്രീകൾക്ക് സ്വയംതൊഴിലും വരുമാന മാർഗങ്ങളും ഒരുക്കുന്നതിനായി സോപ്പ്, കൈകൊണ്ട് നിർമിക്കുന്ന ഗൃഹശുചീകരണ ഉൽപന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകി. റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഉൽസൂർ, AUMM Cloth Foundation, Samant Foundation for Excellence എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 16ന് സൂലഗിരിയിലെ മർഗോണ്ടനഹള്ളി പഞ്ചായത്തിലെ മദ്ദൂർ വില്ലേജിലുള്ള AUMM Cloth Foundation ക്യാമ്പസിലായിരുന്നു പരിശീലന പരിപാടി.

പ്രാദേശിക ഗ്രാമത്തിൽ നിന്നുള്ള 10 സ്ത്രീകളും രണ്ട് പുരുഷന്മാരും പരിശീലനത്തിൽ പങ്കെടുത്തു. റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഉൽസൂരിലെ ഡിസീസ് പ്രിവൻഷൻ ചെയർപേഴ്സൺ റോട്ടേറിയൻ ഭുവനേശ്വരി, ഭർത്താവും ബെംഗളൂരുവിലെ Eswari Care Tech പ്രതിനിധിയുമായ ഗുണസുന്ദർ എന്നിവർ ചേർന്നാണ് പ്രായോഗിക പരിശീലനം നൽകിയത്.

റോട്ടറി ക്ലബ് ഓഫ് ബാംഗ്ലൂർ ഉൽസൂരിലെ ന്യൂ ജനറേഷൻ സർവീസസ് ഡയറക്ടർ റോട്ടേറിയൻ ക്യാപ്റ്റൻ ഡോ. ആർ. സുരേഷ് നേതൃത്വം നൽകി. വൊക്കേഷണൽ ട്രെയിനിങ് ഡയറക്ടർ റോട്ടേറിയൻ എബ്രഹാം വർഗീസ് പിന്തുണ നൽകി. AUMM Cloth Foundation സ്ഥാപകൻ മുഗന്ദൻ, പഞ്ചായത്ത് പ്രസിഡണ്ട്, പ്രദേശത്തെ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പരിശീലനത്തിന് ശേഷം നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണനം ചെയ്ത് സ്ഥിരമായ വരുമാനം കണ്ടെത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു. റോട്ടറി ക്ലബ് ഓഫ് ഹോസൂർ റോസ് സിറ്റിയിലെ PHP പി. സുബ്രഹ്മണ്യം, റോട്ടറി ക്ലബ് ഓഫ് ഹൊസൂരിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാജലക്ഷ്മി, Talent Breach, Sree Swayam സ്ഥാപനങ്ങളുടെ സ്ഥാപകൻ നരസിമൻ എന്നിവർ ഉൽപന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു.

ഹോസൂരിലും തമിഴ്നാട്ടിലെ മറ്റ് പ്രദേശങ്ങളിലും പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ ആവശ്യമായ സഹായം നൽകുമെന്ന് AUMM Cloth Foundation അറിയിച്ചു. ഗ്രാമീണ സ്ത്രീകളുടെ പ്രായോഗിക കഴിവുകൾ സ്ഥിരവരുമാനമാക്കി മാറ്റുന്നതിനും സ്വയംപര്യാപ്തതയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കുന്നതിനുമാണ് പദ്ധതിയുടെ ലക്ഷ്യം.

Related Posts