ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ മുഴുവൻ താഴെയെത്തിച്ചു. ആകെ അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഒരു കുടുംബവും സ്കൈ ഡൈനിങ്ങിലെ ജീവനക്കാരനുമാണ് കുടുങ്ങിക്കിടന്നത്. ഇതിൽ രണ്ടര വയസ്സുള്ള കുട്ടിയുമുണ്ട്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കുടുങ്ങാൻ കാരണമെന്ന് അധികൃതർ പറയുന്നു.
അടുത്തിടെയാണ് ഇടുക്കി ആനച്ചാലിൽ അഡ്വൈഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാനും ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. ഒരേസമയം 15 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ മൂലം ക്രെയിൻ താഴ്ത്താൻ പറ്റാത്തതാണ് പ്രശ്നമായത്.