തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം ബുധനാഴ്ച്ച വിഷയം പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ഹർജി പരിഗണിച്ച കോടതി ചോദിച്ചു. കഴിഞ്ഞ ദിവസമാണ് തകർന്നതെന്നും താൽകാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും കളക്ടർ മറുപടി നൽകി. എന്നാൽ പൂർണമായും പരിഹരിച്ചട്ടില്ല എന്നും കളക്ടർ കൂട്ടിച്ചേർത്തു.