മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യയെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. എറണാകുളം തിരുവാങ്കുളത്ത് കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വ്യക്തത തേടി പൊലീസ്. അമ്മ സന്ധ്യ എന്തിന് കുട്ടിയെ കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. പൊലീസ് അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ചെങ്ങമനാട് പൊലീസ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കുട്ടിയെ സന്ധ്യ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൂന്ന് വയസുകാരി കല്യാണിയെ ഇന്നലെയാണ് അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.
കുട്ടിയെ ആലുവയില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.