പൂർവികരുടെ ആത്മശാന്തിക്കായി പ്രാർഥനകളോടെ കർക്കടകവാവ് ദിനത്തിൽ ബെംഗളൂരുവിലും മൈസൂരുവിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. പൂർവികരുടെ സ്മരണകൾക്ക് മുന്നിൽ ആദരമർപ്പിച്ച് വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലുമാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കർക്കടകവാവ് പ്രമാണിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. കെ.എൻ.എസ്.എസ്, നായർ സേവാ സംഘ് കർണാടക, ശ്രീനാരായണ സമിതി, ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനം, സംഘമിത്ര, പാലക്കാടൻ കൂട്ടായ്മ തുടങ്ങിയ സംഘടനകൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കെ.എൻ.എസ്.എസ്. കേന്ദ്ര നേതൃത്വത്തിൻ്റെയും വിവിധ കരയോഗങ്ങളുടെയും നേതൃത്വത്തിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു. യദിയൂർ വൈദികകേന്ദ്രത്തിൽ നടന്ന ചടങ്ങുകൾക്ക് പൂജാരി മനോജ് വിശ്വനാഥ് മുഖ്യകാർമികത്വം വഹിച്ചു. സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൃഷ്ണകുമാർ കടമ്പൂർ മുഖ്യകാർമികത്വം വഹിച്ചു.

നായർ സേവാ സംഘ് കർണാടകയുടെ ആഭിമുഖ്യത്തിൽ ഹലസൂരു തടാകക്കരയിൽ നടന്ന ബലിതർപ്പണത്തിൽ നിരവധി പേർ പങ്കെടുത്തു. പാലക്കാട് മാത്തൂർ മനയിലെ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചെയർമാൻ ആർ. ഹരീഷ്‌കുമാർ, വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, ട്രഷറർ പി.കെ. മുരളീധരൻ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടക (SNDP-K)യുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും പിതൃതർപ്പണ കർമങ്ങളും ബെംഗളൂരുവിലെ ജാലഹള്ളിയിലുള്ള ഗംഗമ്മ ഗൂഡി ദേവസ്ഥാനത്ത് നടന്നു. ആചാര്യൻ പി.എ.കുമാരൻ്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

ശ്രീ നാരായണ സമിതിയുടെ നേതൃത്വത്തിൽ നടന്ന കർക്കടക അമാവാസി പിതൃതർപ്പണത്തിന് സമിതി പൂജാരിമാർ മുഖ്യകാർമ്മികത്വം വഹിച്ചു.

ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ നടന്നു. കണ്ണൂർ സ്വദേശിയായ ബ്രഹ്മശ്രീ മങ്കുന്നം നരേന്ദ്രൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് വാവുബലി ചടങ്ങുകൾ നടന്നത്.

മൈസൂരുവിലും കർക്കടകവാവ് ദിനത്തിൽ വിപുലമായ ചടങ്ങുകളാണ് നടന്നത്. എൻ.എസ്.എസ്. മൈസൂരു കരയോഗത്തിൻ്റെ നേതൃത്വത്തിൽ നഞ്ചൻകോട് അയ്യപ്പ ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച ബലിതർപ്പണത്തിൽ 500ലേറെ പേർ പങ്കെടുത്തു. സ്വാമി സുനിത് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

കർക്കടകവാവ് ദിനത്തോടനുബന്ധിച്ച് മൈസൂരുവിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനകളും നടന്നു. പൂർവികരുടെ സ്മരണയിൽ വിശ്വാസികൾ പ്രാർഥനകളും വഴിപാടുകളും അർപ്പിച്ചു.

Related Posts