കാവേരി ജലതർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ വ്യാഴാഴ്ച ആഹ്വാനം ചെയ്ത കർണാടക ബന്ദിന് പ്രത്യേകിച്ച് ബെംഗളൂരുവിൽ മങ്ങിയ പ്രതികരണമായിരിക്കും ലഭിക്കുകയെന്നാണ് സൂചന. പ്രധാനപ്പെട്ട നിരവധി സേവനങ്ങൾ പതിവുപോലെ തുടരുമെന്നാണ് വിവരം.
വിവിധ സംഘടനകൾ പിന്നീട് പിന്തുണ പിൻവലിച്ചതിനാൽ ബന്ദ് ജനജീവിതത്തെ വലിയ തോതിൽ ബാധിക്കാനുള്ള സാധ്യത കുറവാണ്. സംസ്ഥാന വ്യാപകമായി ബന്ദിന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങളും ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളും ബന്ദിൽ പങ്കെടുക്കാത്തതിനാൽ ജനജീവിതത്തെ കാര്യമായി ബാധിക്കാനിടയില്ല. കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകാനുള്ള നിർദേശത്തിൽ പ്രതിഷേധിച്ച് വാട്ടാൽ നാഗരാജിൻ്റെയും മറ്റ് കന്നഡ അനുകൂല പ്രവർത്തകരുടെയും നേതൃത്വത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്ആർടിസി, ബിഎംടിസി ബസ് സർവീസുകളും സാധാരണ നിലയിൽ തുടരും. ഹോട്ടലുകളും റസ്റ്റോറന്റുകളും ബന്ദിൽ പങ്കെടുക്കില്ലെന്ന് ബ്രുഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഓണററി പ്രസിഡണ്ടും നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ബെംഗളൂരു ചാപ്റ്റർ മേധാവിയും അറിയിച്ചു.
ഓട്ടോറിക്ഷ, ക്യാബ് സംഘടനകളിൽ ചിലത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് നിർത്തിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. “പ്രശ്നത്തോട് ഞങ്ങൾക്ക് പൂർണ പിന്തുണയുണ്ട്. എന്നാൽ ബന്ദിൽ പങ്കെടുക്കില്ല. ഓട്ടോകളും ക്യാബുകളും പതിവുപോലെ സർവീസ് നടത്തും,” ആദർശ ഓട്ടോ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പറഞ്ഞു.
ആശുപത്രികൾ, ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ബാങ്കുകളും കോർപ്പറേറ്റ് ഓഫീസുകളും തുറന്നുപ്രവർത്തിക്കാനാണ് സാധ്യത. കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് സ്കൂൾസ് (KAMS) പിന്തുണ പിൻവലിച്ചതോടെ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനാണ് സാധ്യത. വാഹന ഗതാഗതത്തിലും കാര്യമായ നിയന്ത്രണമുണ്ടാകില്ലെന്നാണ് സൂചന.
അതേസമയം, ബന്ദിന് എല്ലാവരും പിന്തുണ നൽകണമെന്ന് വാട്ടാൽ നാഗരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് ബന്ദിൻ്റെ പ്രധാന ലക്ഷ്യം.