സർജാപുര മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ മലയാളം മിഷൻ്റെ കീഴിലുള്ള മലയാളം ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. സോംപുരയിലെ ഐ.ഡി.സി.ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മലയാളം മിഷനെ പ്രതിനിധീകരിച്ച് മീര ടീച്ചർ പങ്കെടുത്തു. മലയാളി സമാജം ജനറൽ സെക്രട്ടറി ഷോബിത് പുതിയപുരയിൽ, ട്രഷറർ വിദ്യ ശ്രീറാം, കലാ-സാഹിത്യ വേദി കൺവീനർ രഞ്ജിത്ത് പി.ആർ എന്നിവർ സംസാരിച്ചു.
മലയാള ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിൻ്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മലയാളം ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
ഏകദേശം ഇരുപത്തിയഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളിൽ മലയാള ഭാഷയോടും കേരളത്തിൻ്റെ സംസ്കാരത്തോടുമുള്ള താൽപര്യം വളർത്തുന്നതിനും മലയാളത്തിൻ്റെ പൈതൃകം പുതുതലമുറയിലേക്ക് കൈമാറുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മലയാളി സമാജം തുടക്കം കുറിച്ചു.
മലയാള ഭാഷയുടെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമാക്കി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.