സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ തള്ളി കോൺഗ്രസ്. ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിന് പിന്നാലെയാണ് നേതൃമാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും വരാനിരിക്കുന്ന രാജ്യസഭാ, നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവർ പങ്കെടുത്തു. ചർച്ചയിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച കണക്കുകൾ മാത്രമാണ് സംസാരിച്ചതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.