ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ പ്ലേ ഓഫ് പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരു തങ്ങളുടെ കിരീടം നിലനിർത്താൻ ആണ് കളത്തിൽ ഇറങ്ങുന്നത്. രാത്രി 7.30ന് ആണ് മത്സരം നടക്കുക. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മെയ് 31-ന് നടക്കുന്ന ഫൈനലിലേക്ക് കടക്കാമെന്നതിനാൽ ഇരു ടീമിൻ്റെയും ലക്ഷ്യം വിജയം മാത്രമാണ്. ഇന്ന് തോൽക്കുന്ന ടീമിന് 29നു നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരിക്കാൻ അവസരം ലഭിക്കും.
ധരംശാലയിൽ സൂപ്പർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിൻ്റെയും ബാറ്റിങ് പ്രകടനത്തിലേക്കാണ്. ഈ രണ്ട് താരങ്ങളും മികച്ച ഫോമിലാണുള്ളത്. ഇവരുടെ ഫോം മത്സരഫലം തീരുമാനിക്കുന്നതിൽ നിർണ്ണായകമാവും.