ഹണി ട്രാപ് ആരോപണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ കൈവിട്ട പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ 18 ബി.ജെ.പി എം.എൽ.എമാരുടെ സസ്പെൻഷൻ ഉത്തരവുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദറിൻ്റെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന മധ്യസ്ഥ യോഗത്തിലാണ് തീരുമാനം.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സഭാനേതാവുകൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ മനപ്പ ലമാനി, നിയമ-പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ, പ്രതിപക്ഷ നേതാവ് ആ ർ. അശോക എന്നിവർ പങ്കെടുത്തു. നിയമസഭയിൽ കഴിഞ്ഞ മാർച്ച് 21നായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സഹകരണ മന്ത്രി കെ. എൻ. രാജണ്ണ ഉൾപ്പെട്ട ‘ഹണിട്രാപ് ആരോപണങ്ങളിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ നിയമസഭയിൽ ബഹളം വെക്കുകയും വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സ്പീക്കറുടെ വേദിയിൽ കയറി 18 എം.എൽ.എമാർ ഔദ്യോഗിക രേഖകൾ കീറിക്കളയുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു. ഇത് ചെയറിനോട് അനാദരവ് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ബി.ജെ.പി എം.എൽ.എമാരായ ദൊഡ്ഡനഗൗഡ പാട്ടീൽ, സി.കെ. രാമമൂർത്തി, അശ്വത് നാരായൺ, എസ്. ആർ. വിശ്വനാഥ്, ബൈരതി ബസവരാജ് എം.ആർ. പാട്ടീൽ, ചന്നബസപ്പ, ബി. ഉമാനാഥ് കൊട്ടിയാൻ, ശരണു സലാഗർ, ഷൈലേന്ദ്ര ബൽദലെ, സുരേഷ് ഗൗഡ, യഷ്പാൽസുവർണ, ബി.പി. ഹരീഷ്, ഡോ. ഭരത് ഷെട്ടി, ആർ. മുനിരത്ന, ബസവരാജ് മത്തിമോഡ്, ധീരജ് മുനിരാജു, ഡോ. ചന്ദ്ര ലാമണി എന്നിവരെയാണ് 6 മാസത്തേക്ക് സ്പീക്കർ യു.ടി. ഖാദർ സസ്പെൻഡ് ചെയ്തത്.