കർണാടകയിലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നതിനിടയിൽ, മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഒരു വിപ്ലവവും സ്യഷ്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പരമാവധി ക്ഷമ താൻ കാണിക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ഒരിക്കലും നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നും താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പാർട്ടി ഹൈക്കമാൻഡും തമ്മിലുള്ളതാണ് മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ഏത് ചർച്ചയുമെന്നും കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡൻ്റ് കൂടിയായ ശിവകുമാർ വ്യക്തമാക്കി.

‘മുഖ്യമന്ത്രി വിഷയത്തെക്കുറിച്ച് ഇന്നുവരെ, താൻ ഒരു ഘട്ടത്തിലും സംസാരിച്ചിട്ടില്ല. ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ മാത്രമേ അത് മറ്റാർക്കെങ്കിലും നൽകാൻ കഴിയൂ. അത് ഒഴിഞ്ഞുകിടക്കണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല’ -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അധികാരത്തർക്കം ഭരണകക്ഷിക്കുള്ളിൽ നിലനിൽക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശങ്ങൾ. സംഘടനക്ക് ദോഷം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. കോൺഗ്രസിന് പ്രശ്‌നങ്ങൾ സ്യഷ്ടിക്കുന്നതിനോ സ്വാർത്ഥ കാരണങ്ങളാൽ ബ്ലാക്ക്മെയിൽ ചെയ്യുന്നതിനോ തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts