യുഡിഎഫ് സർക്കാരിൻ്റെ പുതിയ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ചാലക്കുടിയിലെ ഒരു ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ ജൂണിൽ ലൈസൻസ് അനുവദിച്ച വിവരം എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. വിവാദം പുറത്തുവന്നതിനു പിന്നാലെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിൻ്റെ വിദേശമദ്യച്ചട്ട ഭേദഗതിയിലൂടെയാണ് 10 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേക്കറികൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത്. എന്നാൽ ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫിൻ്റെ നിലപാട്.

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കൽ, ഹോർട്ടിവൈൻ, ഹോർട്ടി ലിക്കർ, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പനാനുമതി തുടങ്ങിയ വിഷയങ്ങളിൽ മുന്നണി ചർച്ചകൾക്കുശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിൽ നിലപാട് രൂപീകരിക്കാൻ ഉപസമിതി വേണമെന്ന ധാരണയുണ്ടായെങ്കിലും അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

സർക്കാരിൻ്റെ പുതിയ മദ്യനയം വ്യക്തമാകുന്നതിന് മുമ്പ് ഹോർട്ടിവൈൻ ലൈസൻസിനായി ഫയൽ നീക്കിയെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥവീഴ്ച ആരോപണങ്ങൾക്കിടെ അബ്കാരി വിഭാഗത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ പുതിയ ചുമതല നൽകാതെയാണ് സർക്കാർ മാറ്റിയത്.

Related Posts