സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന മുൻ മന്ത്രി ജി സുധാകരന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജൻ. പാർട്ടി സുധാകരനെ അവഗണിച്ചെന്ന ആരോപണങ്ങൾ ജയരാജൻ നിഷേധിച്ചു. ഏറെ പക്വതയുള്ള നേതാവാണ് സുധാകരനെന്നും പാർട്ടി അദ്ദേഹത്തെ എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
‘വളരെ പക്വതയും അനുഭവസമ്പത്തുമുള്ള സഖാവാണ് സുധാകരൻ. പാർട്ടിയെപ്പറ്റി അദ്ദേഹം തെറ്റായി ചിന്തിക്കുമെന്ന് കരുതുന്നില്ല. സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിച്ചുവെന്നോ അവഗണിച്ചുവെന്നോ അദ്ദേഹം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
പാർട്ടി സുധാകരനെ എല്ലാ കാലത്തും വേണ്ടരീതിയിൽ പരിഗണിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുന്ന കാലഘട്ടം മുതൽ തങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ഞാൻ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോൾ സുധാകരൻ വൈസ് പ്രസിഡൻ്റായിരുന്നു- ഇ പി ജയരാജൻ പറഞ്ഞു.